തൃശൂര്‍: തൃശൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ സ്വദേശി മുസ്തഫയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആറ് ലക്ഷം രൂപയാണ് ഇയാള്‍ പലിശക്കാരില്‍ നിന്ന് കടം വാങ്ങിയത്. എന്നാല്‍ ഇതിന് പകരമായി 40 ലക്ഷത്തോളം രൂപ ഇയാള്‍ തിരിച്ച് കൊടുത്തിരുന്നു. ഇവര്‍ ഭീഷണിപ്പെടുത്തി മുസ്തഫയുടെ 20 ലക്ഷം രൂപയെ വിലവരുന്ന സ്ഥലവും എഴുതി വാങ്ങിയിരുന്നു. 20 ശതമാനം മാസ പലിശയ്ക്കാണ് പണം കടം വാങ്ങിയത്.

വാങ്ങിയതിന്റെ ഇരട്ടിയിലധികം പണം തിരികെ നല്‍കിയിട്ടും ഇവര്‍ ഭീഷണി തുടര്‍ന്നുവെന്ന് മുസ്തഫയുടെ ബന്ധുക്കള്‍ പറഞ്ഞു. മുസ്തഫയുടെ കച്ചവട സ്ഥാപനത്തില്‍ കയറി ഭീഷണിപ്പെടുത്തി പണം കവരുകയും ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്നും കുടുംബം ആരോപിച്ചു. വാടക വീട്ടിലെത്തിയും ഇവര്‍ നിരന്തരം മുസ്തഫയെ ഭീഷണിപ്പെടുത്തിയതായി സഹോദരങ്ങള്‍ അറിയിച്ചു. പ്രഹ്ളേഷ്, വിവേക് തുടങ്ങിയ രണ്ട് പലിശക്കാരാണ് മുസ്തഫയെ നിരന്തരം പീഡിപ്പിച്ചതെന്നാണ് ആരോപണം.