ചെന്നൈ: കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി നന്ദകുമാറി(21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ വാരാന്ത്യത്തില്‍ നന്ദകുമാര്‍ ഉള്‍പ്പെടെ 11 അംഗ സംഘമാണ് കോയമ്പത്തൂരില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് എത്തിയത്. കൊടൈക്കനാല്‍-വില്‍പട്ടി റൂട്ടില്‍ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടം സംഘം സന്ദര്‍ശിച്ചു. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് വിദ്യാര്‍ഥിയെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം വെള്ളച്ചാട്ടത്തിന്റെ പാതയില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെയാണ് നന്ദകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.