ആലപ്പുഴ: ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാ ദേവസ്വം ബോര്‍ഡുകളിലും അഴിമതി നടക്കുന്നുണ്ട്. ഈ അഴിമതികള്‍ ഒഴിവാക്കുന്നതിനായി ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡുകളുടെ ചുമതല ഏല്‍പ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ശബരിമലയിലെ സ്വര്‍ണമോഷണം സര്‍ക്കാരിനെതിരെ തിരിച്ചുവിടുന്നതും രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാണ്. പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കണം. സിപിഐയുടെ എതിര്‍പ്പ് മാറിക്കൊള്ളും. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ മിണ്ടാതിരിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരം ആണെങ്കില്‍ കാലത്തിനതീതമായി നമ്മളും മാറണം. വാരിക്കുന്തത്തിന്റെ കാലം മാറി. കാവിവല്‍ക്കരണമെന്ന് പറയുമ്പോഴും കാവിവല്‍ക്കരണം എവിടെ വരെ എത്തിയെന്ന് നമ്മള്‍ ചിന്തിക്കേണ്ട കാലമെത്തിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.