കൊച്ചി: എംജി റോഡില്‍ മദ്യലഹരിയില്‍ കാറുമായി യുവാവിന്റെ മരണപ്പാച്ചില്‍. കൊച്ചി എംജി റോഡില്‍ പള്ളിമുക്കിനു സമീപം വച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാലു കാറുകള്‍ ഇയാള്‍ ഇടിച്ചു തെറിപ്പിച്ചു. കാറോടിച്ചിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി നിജീഷ് നജീബിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 11.20നായിരുന്നു സംഭവം. കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം എംജി റോഡിലുള്ള ബാറില്‍ നിന്ന് മദ്യപിച്ച യുവാവ് താമസ സ്ഥലമായ എറണാകുളം നോര്‍ത്തിലേക്ക് പോകേണ്ടതിനു പകരം പോയത് സൗത്തിലേക്കായിരുന്നു. ഇതിനിടെ, മുന്‍പിലുണ്ടായിരുന്ന ഒരു കണ്ടെയ്‌നര്‍ ലോറിയെ ഇടതുവശത്തു കൂടി മറികടക്കുന്നതിനിടെ വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. എന്നാല്‍ ഇടിച്ച ശേഷവും നിര്‍ത്താതെ പോയ യുവാവിനെ കുറച്ചു നേരം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇടിച്ച വാഹനങ്ങള്‍ക്കെല്ലാം വലിയ കേടുപാട് സംഭവിച്ചിട്ടുണ്ട്.