കൂത്തുപറമ്പ്: റോഡില്‍ ചാറ്റല്‍മഴയില്‍ ബൈക്ക് തെന്നിമറിഞ്ഞ് യാത്രക്കാരനായ യുവാവ് ബസിനടിയില്‍പ്പെട്ട് മരിച്ചു. തലശ്ശേരി - വളവുപാറ റോഡില്‍ ബംഗ്ലമൊട്ട വളവിനു സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് പെരിയ സ്വദേശി വിഷ്ണുവാണ് (29) മരിച്ചത്. പാറാലിലെ മാര്‍ക്കറ്റിങ് ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു.

പാറാലില്‍ കമ്പനി ഏര്‍പ്പെടുത്തിയ വാടക വീട്ടിലാണ് താമസം. പാറാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് ചാറ്റല്‍ മഴയില്‍ തെന്നി മറിയുകയായിരുന്നു. റോഡിനു മധ്യത്തിലേക്ക് വീണ വിഷ്ണു തൊട്ടുപിന്നാലെ വന്ന ബസിനടിയില്‍പ്പെടുകയായിരുന്നു. ആംബുലന്‍സ് എത്തിച്ച് വിഷ്ണുവിനെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്തുപറമ്പില്‍ നിന്നു ചെറുവാഞ്ചേരിയിലേയ്ക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്.