ന്യൂഡല്‍ഹി: ചില കുറ്റകൃത്യങ്ങളില്‍ കുറ്റപത്രം സമര്‍പ്പിച്ച ഉടനെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) രജിസ്ട്രേഷന്‍ റദ്ദാക്കാമെന്ന പുതിയ വിജ്ഞാപനം കടുത്ത ആശങ്ക ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി.

കോടതി കുറ്റക്കാരെന്ന് കണ്ടെത്തുംമുന്പ് തന്നെ ഒസിഐ രജിസ്ട്രേഷന്‍ റദ്ദാക്കാമെന്നാണ് പൗരത്വനിയമപ്രകാരമുള്ള പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. ഇത്തരം നടപടികള്‍ നിയമപരവും ഭരണഘടനാപരവുമായ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പൗരത്വം റദ്ദാക്കുന്നതിന് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ പൗരത്വനിയമം അധികൃതര്‍ക്ക് അനുവാദം നല്‍കുന്നില്ല. എന്നാല്‍, പുതിയ വിജ്ഞാപനത്തിലൂടെ അത്തരം ഒരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

പാര്‍ലമെന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ പ്രധാന നിയമത്തില്‍ കാതലായ ഭേദഗതി കൊണ്ടുവരുന്നതിന് തുല്യമാണ് ഇത്തരം വിജ്ഞാപനങ്ങള്‍. ഇൗ സാഹചര്യത്തില്‍, വിജ്ഞാപനം പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.