തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍.നാരായണന്റെ പ്രതിമ രാജ്ഭവനില്‍ അനാച്ഛാദനം ചെയ്തു. നാലു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പ്രതിമ അനാവരണം ചെയ്തത്. തുടര്‍ന്ന് പ്രതിമയില്‍ പുഷ്പാര്‍ചന നടത്തി. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേരള മുന്‍ ഗവര്‍ണറും ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്ഭവനില്‍ ഗവര്‍ണറുടെ വസതിയിലേക്കുള്ള വഴിയില്‍ അതിഥി മന്ദിരത്തോടു ചേര്‍ന്നുള്ള സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഫൈന്‍ ആര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഇ.കെ.നാരായണന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ ഇടുക്കി സ്വദേശി സിജോയാണ് മൂന്നടി ഉയരമുള്ള അര്‍ധകായ സിമന്റ് ശില്‍പം നിര്‍മിച്ചത്.

രാഷ്ട്രപതിയായിരിക്കെ, റാംനാഥ് കോവിന്ദ് 2024 മേയ് 3ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തിനെത്തുടര്‍ന്നാണ് ഈ ആശയം രൂപപ്പെട്ടത്. 'രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മുന്‍ രാഷ്ട്രപതിമാരുടെ ഓര്‍മ നിലനിര്‍ത്താന്‍ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ ശ്രമിക്കണം' എന്ന് കത്തില്‍ റാംനാഥ് കോവിന്ദ് നിര്‍ദേശിച്ചു. കെ.ആര്‍.നാരായണന്റെ സംഭാവനകള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ശില്‍പം രാജ്ഭവനില്‍ സ്ഥാപിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയത്.