മഞ്ചേരി: കെ.എസ്.ഇ.ബി ഓവര്‍സിയര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് 1,12,47,600 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി എസ്. രശ്മിയുടേതാണ് വിധി.

കെ.എസ്.ഇ.ബി വണ്ടൂര്‍ ഓഫിസിലെ ഓവര്‍സിയറായിരുന്ന പള്ളിക്കുന്ന് കാരപ്പുറത്ത്പൊയില്‍ മനൂരയില്‍ നൗഷാദലിയാണ് (53) മരിച്ചത്. എട്ടു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.

2021 ഡിസംബര്‍ 14നായിരുന്നു അപകടം. നിലമ്പൂരില്‍നിന്ന് വണ്ടൂരിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ വടപുറത്തുവെച്ച് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദലിയെ ഉടന്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 15ന് മരിക്കുകയായിരുന്നു. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. ടി.പി. മുരളീധരന്‍ നിലമ്പൂര്‍ ഹാജരായി.