തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചിരിക്കുന്നു. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാര്‍ഡ് സ്വദേശിനിയായ 85 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച വയോധികയുടെ വീട്ടില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല. ജലാശയങ്ങളിലെ വെള്ളം ഉപയോഗിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍, രോഗം പടരാനുള്ള സാധ്യത വിലയിരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി പ്രദേശത്ത് പരിശോധനകള്‍ നടത്തി വരുന്നുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വരം വളരെ അപൂര്‍വവും എന്നാല്‍ മാരകവുമായ ഒരു രോഗമാണ്. നാസാരന്ധ്രങ്ങളിലൂടെ ശരീരത്തിലെത്തുന്ന അമീബ തലച്ചോറിനെ ബാധിക്കുകയാണ് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ക്കിടയില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.