പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ച. തീര്‍ത്ഥാടകരെ പൊലീസുകാരന്‍ തള്ളിവിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തുലാമാസ പൂജാ സമയത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നടപ്പന്തലില്‍ കാത്തുനിന്ന തീര്‍ത്ഥാടകരെയാണ് തള്ളിവിട്ടത്. തീര്‍ത്ഥാടകരോട് ആദരവോടെ പെരുമാറണമെന്ന ഔദ്യോഗിക നിര്‍ദ്ദേശം നിലനില്‍ക്കേയാണ് പൊലീസുകാരന്‍ തീര്‍ത്ഥാടകരെ തള്ളിവിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ഒക്ടോബര്‍ 17-ാം തീയതി വൈകിട്ടാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. 22-ാം തീയതി രാത്രി പൂജ പൂര്‍ത്തിയാക്കി നടയടക്കുകയും ചെയ്തു. വലിയ തിരക്കാണ് ഈ ദിവസങ്ങളില്‍ സന്നിധാനത്ത് അനുഭവപ്പെട്ടത്. അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ആവശ്യത്തിന് പൊലീസും ഉണ്ടായിരുന്നില്ല.

അതേസമയം, ദൃശ്യങ്ങളില്‍ കാണുന്ന പൊലീസുകാരന്‍ ആരാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. നടപ്പന്തലില്‍ ഉണ്ടായിരുന്ന മറ്റ് തീര്‍ത്ഥാടകരാണ് ദൃശ്യം പകര്‍ത്തിയത്. ഇതുകൂടാതെ തിരിലും തിരക്കില്‍ മണിക്കൂറുകളോളം ആളുകള്‍ക്ക് കാത്തുനില്‍ക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരോട് ആദരവോടെ പെരുമാറണം എന്ന് പൊലീസുകാര്‍ക്ക് ഔദ്യോഗിക നിര്‍ദ്ദേശമുള്ളതാണ്. തീര്‍ത്ഥാടകരെ സ്വാമി എന്ന് മാത്രമേ വിളിക്കാന്‍ പാടുള്ളൂ, ആദരവോടുകൂടി മാത്രമേ പെരുമാറാന്‍ പാടുള്ളൂ എന്നെല്ലാം ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി നിര്‍ദേശം നല്‍കാറുണ്ട്. ഓരോ ബാച്ചും മാറി വരുമ്പോഴും അവര്‍ക്കൊക്കെ കൃത്യമായ നിര്‍ദ്ദേശം അടങ്ങിയ പുസ്തകവും പ്രിന്റ് ചെയ്ത് നല്‍കാറുണ്ട്.