പത്തനംതിട്ട: ശബരിമല സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അസഭ്യ കമന്റിട്ട യുവാവ് അറസ്റ്റില്‍. അടൂര്‍ കുന്നിട സ്വദേശിയായ അനില്‍കുമാര്‍ (41) എന്നയാള്‍ക്കെതിരെയാണ് ഏനാത്ത് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

സന്തോഷ് കുമാരന്‍ ഉണ്ണിത്താന്‍ എന്നയാള്‍ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് അനില്‍കുമാര്‍ അശ്ലീലപരാമര്‍ശങ്ങള്‍ അടങ്ങിയ കമന്റ് ഇട്ടത്.

ഏനാദിമംഗലം സ്വദേശിയായ പ്രവീണ്‍കുമാര്‍ എന്നയാളുടെ പരാതിയിന്മേല്‍ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഏനാത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കമന്റിട്ട അനില്‍കുമാറിനെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.