ചെന്നൈ/ അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മൊന്‍ത' ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശില്‍ കരതൊടും. കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങിത്തുടങ്ങി. ഇന്നു രാത്രിയോടെ ആന്ധ്രയില്‍ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ ചുഴലി കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

സ്ഥിതിഗതി നേരിടാന്‍ ആന്ധ്രയില്‍ തയാറെടുപ്പ് തുടങ്ങി. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടു. ഒഡീഷയിലെ തെക്കന്‍ ജില്ലകളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ബംഗാളിലും മഴ ശക്തമായി. ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് വിവിധ സംസ്ഥാനങ്ങള്‍. അതിശക്തമായ മഴയാണ് വിവിധ സംസ്ഥാനങ്ങളില്‍ പെയ്യുന്നത്.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റും ഉണ്ടായേക്കാം.