തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ റെക്കോഡ് നേട്ടം കൈവരിച്ച അതുലിനെയും ദേവപ്രിയയെയും സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കും. കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സഞ്ജു സാംസണാണ് വിവരം പങ്കുവെച്ചത്. ഇടുക്കി കാല്‍വരിമൗണ്ട് സി എച്ച് എസിലെ ദേവപ്രിയ ഷൈബു സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 100 മീറ്ററിലാണ് റെക്കോര്‍ഡ് നേടിയത്. ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ ടി എം അതുല്‍ 100 മീറ്ററിലും 200 മീറ്ററിലും റെക്കോര്‍ഡ് സ്വന്തമാക്കി.

ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് കുട്ടികള്‍ നേടിയ നേട്ടങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടു. ശക്തമായ പിന്‍ബലം ഈ കുട്ടികളെ നാളെ ദേശീയ തലത്തിലേക്കും ഒളിമ്പിക് തലത്തിലേക്കും വരെ ഉയര്‍ത്തിയേക്കാം. അത് കൊണ്ട് തന്നെ സഞ്ജു സാംസണ്‍ ഫൗണ്ടേഷന്റെ കീഴില്‍ സംസ്ഥാന ദേശീയ തലത്തില്‍ ആവശ്യമായ യാത്രാതാമസ സൗകര്യങ്ങളും വേണ്ട നിര്‍ദേശങ്ങളും നല്‍കിക്കൊണ്ട് കുട്ടികള്‍ക്ക് ഒരു പ്രൊഫഷണല്‍ അത്ലറ്റിക് കോച്ചിന്റെ സൗകര്യം ലഭ്യമാക്കുമെന്നാണ് സഞ്ജു അറിയിച്ചത്.നിയുള്ള നേട്ടങ്ങളിലേക്ക് ഓടിയടുക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കി ഈ കുട്ടികളെ കേരളത്തിന്റെ അഭിമാനമാക്കി മാറ്റാന്‍ സഞ്ജു സാംസണ്‍ ഫൗണ്ടേഷനും താനും ഒപ്പമുണ്ടാകുമെന്നും സഞ്ജു പറഞ്ഞു.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ ബിന്ദു മാത്യു 1987ല്‍ കുറിച്ച 12.70 സെക്കന്‍ഡ് നേട്ടമാണ് ദേവപ്രിയ തിരുത്തിയത് (12.69 സെക്കന്‍ഡ്). ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിലെ രാംകുമാര്‍ 1988ല്‍ കുറിച്ച 10.90 സെക്കന്‍ഡാണ് അതുല്‍ മായ്ച്ചത്. 10.81 സെക്കന്‍ഡാണ് അതുല്‍ ഓടിയെത്തിയത്. 200 മീറ്ററില്‍ 2017ല്‍ തിരുവനന്തപുരം സായിയുടെ സി അഭിനവിന്റെ (22.28 സെക്കന്‍ഡ്) നേട്ടമാണ് 21.87 സെക്കന്‍ഡില്‍ ഓടിയെത്തി അതുല്‍ മറികടന്നത്.