തിരുവനന്തപുരം: ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ച് നാല് വര്‍ഷം കൊണ്ട് 30 കോടി രൂപയുടെ അധിക വരുമാനമാണ് പീപ്പിള്‍സ് ഗസ്റ്റ് ഹൗസുകള്‍ വഴി സര്‍ക്കാരിന് ലഭിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെമ്പാടുമായി പൊതുമരാമത്തുവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്രമമന്ദിരങ്ങളെ ജനകീയമാക്കി പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യം ഉറപ്പാക്കിയാണ് നേട്ടം കൈവരിച്ചത്.

2021-ലെ കേരളപ്പിറവിദിനത്തിലാണ് പീപ്പിള്‍സ് ഗസ്റ്റ് ഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വകുപ്പിന്റെ വെബ്‌സൈറ്റ് വഴി ആര്‍ക്ക് വേണമെങ്കിലും പീപ്പിള്‍സ് റെസ്റ്റ് ഹൗസുകളിലെ മുറികളുടെ ലഭ്യത അറിയാനും മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യം ഏര്‍പ്പെടുത്തി. നിരക്കും വെബ്‌സൈറ്റില്‍നിന്ന് അറിയാനാകും. പീപ്പിള്‍സ് ഗസ്റ്റ് ഹൗസുകള്‍ ഉദ്ഘാടനം ചെയ്ത് നാലുവര്‍ഷംകൊണ്ട് അഞ്ചുലക്ഷത്തോളം ബുക്കിങ്ങുകളാണ് നടന്നത്. ഏകദേശം 10 ലക്ഷത്തിലധികംപേര്‍ റെസ്റ്റ് ഹൗസ് സൗകര്യം ഉപയോഗപ്പെടുത്തി.

പലയിടങ്ങളിലും മുറികള്‍ ആഴ്ചകള്‍ക്കുമുമ്പുതന്നെ പൂര്‍ണമായും ബുക്ക് ചെയ്യപ്പെടുകയാണ്. ഇതോടെ സര്‍ക്കാര്‍ ഏഴു പുതിയ റെസ്റ്റ് ഹൗസുകള്‍ പണിയുകയും 23 എണ്ണം നവീകരിക്കുകയും ചെയ്തു. പുതുതായി 17 റെസ്റ്റ് ഹൗസുകള്‍കൂടി പണിയുന്നതിന് അനുമതിയാകുകയും നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.