കോഴിക്കോട്: സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും,ശുചിത്വ മിഷന്റേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മറ്റിയാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.

വൈകിട്ട് ആറു മുതല്‍ പന്ത്രണ്ട് വരെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല, പഴകിയ അറവ് മാലിന്യം പ്ലാന്റില്‍ കൊണ്ടു വരരുത് തുടങ്ങിയവയാണ് ഉപാധികള്‍. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പൊലീസിനെ ആക്രമിച്ചതിലാണ് 321 പേര്‍ക്കെതിരെ കേസ്. പ്രതികളെ പിടികൂടാന്‍ പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത് കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളില്‍ സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നില്‍ നടന്ന സമരതിനിടെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പൊലീസുകാര്‍ക്കും 25 ഓളം നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.