തിരുവനന്തപുരം: അര്‍ബുദരോഗികള്‍ക്ക് ചികിത്സാവശ്യത്തിനായി കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്രചെയ്യാം. ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ യാത്രാസൗജന്യം ലഭിക്കും. ഇതിനായി ഓണ്‍ലൈനായി അപേക്ഷിച്ച് യാത്രാ പാസുകള്‍ സ്വന്തമാക്കാം. https://www.keralartcit.com ല്‍ ഹാപ്പി ലോങ് ലൈഫ് കാര്‍ഡ് രജിസ്ട്രേഷനിലാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷകരുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാര്‍ഡ് പകര്‍പ്പ്, നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍കാര്‍ഡിലെ മേല്‍വിലാസവുമായി വ്യത്യാസമുണ്ടെങ്കില്‍), ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (വെബ്സൈറ്റിലെ മാതൃകയില്‍) എന്നിവസഹിതമാണ് അപേക്ഷിക്കേണ്ടത്.

യാത്രാകാര്‍ഡ് ചീഫ് ഓഫീസില്‍നിന്നു തയ്യാറാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍ അപേക്ഷകരുടെ വീട്ടിലെത്തിക്കും. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലേക്കുമുള്ള കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാ ആവശ്യങ്ങള്‍ക്കാണ് സൗജന്യയാത്ര അനുവദിക്കുക. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍വഹിച്ചു. വനിതാജീവനക്കാര്‍ക്കുള്ള സൗജന്യ അര്‍ബുദ രോഗനിര്‍ണയ പദ്ധതിയും തുടങ്ങി.

കുട്ടിയാത്രക്കാര്‍ക്ക് ക്രയോണ്‍സും ചോക്‌ളേറ്റും

കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ യാത്രചെയ്യുന്ന കുട്ടികള്‍ക്ക് സമ്മാനപ്പൊതി. ക്രയോണ്‍സും ചിത്രരചനാബുക്കും ചോക്‌ളേറ്റും അടങ്ങുന്ന സമാനപ്പൊതി കണ്ടക്ടര്‍മാര്‍ സമ്മാനിക്കും. ബലൂണും ടിഷ്യൂപേപ്പറും ഗിഫ്റ്റ് പാക്കിലുണ്ടാകും.