തിരുവനന്തപുരം: വര്‍ക്കലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ പത്തൊന്‍പതുകാരന്റെ മൃതദേഹം കണ്ടെത്തി. നൈനാംകോണം സവാദ് മന്‍സിലില്‍ അന്‍ഷാദ് ആണ് മരിച്ചത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് അന്‍ഷാദ് മുങ്ങിത്താഴുകയായിരുന്നു. മത്സ്യബന്ധന ജോലിക്ക് പോകുന്ന അന്‍ഷാദിന് നീന്തലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാനായിരുന്നില്ല.തിരച്ചിലിനൊടുവില്‍ വര്‍ക്കല താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്തുവെച്ച് വെള്ളിയാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നാവായിക്കുളം ചിലക്കൂര്‍ ആലിയിറക്കം തീരത്താണ് വ്യാഴാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം അന്‍ഷാദ് കുളിക്കാനെത്തിയത്. ആലിയിറക്കം തീരത്ത് ലൈഫ് ഗാര്‍ഡുകളുടെ സേവനമില്ല. അതിനാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല. വിവരമറിഞ്ഞ് പാപനാശത്തുനിന്ന് ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസും സ്ഥലത്തെത്തിയിരുന്നു. അഗ്‌നിരക്ഷാസേനയും കോസ്റ്റല്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.