ആലപ്പുഴ: ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. ആറാട്ടുവഴി ഫാത്തിമ ഗാര്‍ഡന്‍സില്‍ സിയാദ് ഷിഹാബുദ്ദീന്‍ (33) ആണ് അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗവും വില്‍പ്പനയും നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടിലും പരിസരത്തും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാന്‍സാഫ്) ആലപ്പുഴ നോര്‍ത്ത് പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

വീടിനോട് ചേര്‍ന്ന് സ്റ്റെയര്‍ കേസിന് താഴെ 60 സെന്റി മീറ്റര്‍ നീളത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാള്‍ ഗള്‍ഫില്‍ നിന്ന് വന്നതിന് ശേഷം ധാരാളം ചെറുപ്പക്കാര്‍ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. ഇവര്‍ ഇവിടെ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സിയാദിനെ നിരീക്ഷിച്ചു വരികയായിരുന്നു.

നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പങ്കജാക്ഷന്‍ ബി യുടെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈഎസ്പി ബിജു വി നായരുടെ നേതൃത്വത്തില്‍ ഐഎസ്എച്ച്ഓ എംകെ രാജേഷ്, എസ്‌ഐമാരായ ദേവിക, നിധിന്‍, ജിഎസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐ രശ്മി, സിപിഓമാരായ മഹേഷ്, ബിനോയി, ജയേഷ് എന്നിവരാണ് പ്രതിയെയും കഞ്ചാവ് ചെടിയും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.