കോഴിക്കോട്: കോഴിക്കോട് കക്കോടിയില്‍ വീടിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനിടെ സമീപത്തെ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതില്‍ പണിയുന്നതിനിടെയാണ് സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളിയും ഒരു മലയാളിയും ചേര്‍ന്നാണ് ചുറ്റുമതില്‍ നിര്‍മാണത്തിനായി എത്തിയത്. ഇതില്‍ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഫയര്‍ഫോഴ്‌സ് എത്തിയാണ് മതിലിനടിയില്‍ കുടുങ്ങിക്കിടന്നിരുന്ന ഉദയ് മാഞ്ചിയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇയാളെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ഇയാളെ പുറത്തെടുക്കുകയുമായിരുന്നു. വെള്ളിമാട്കുന്ന് നിന്നും വന്ന ഫയര്‍ഫോഴ്‌സാണ് ഇയാളെ രക്ഷപ്പെടുത്തിയത്. നിര്‍മാണത്തിനിരിക്കുന്ന വീടിന് ചുറ്റുമതില്‍ കെട്ടാനാണ് തൊഴിലാളികളെത്തിയത്. ഇതിനിടയില്‍ തൊട്ടടുത്ത വീടിന്റെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.