- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സകലമാന മുള്ളുമുരുക്കുകളോടും പറയാനുള്ളത് ഇത്രമാത്രം'; രാജ്ദീപ് സര്‍ദേശായിയുടെ ശബ്ദസന്ദേശം പങ്കുവെച്ച് വിമര്‍ശകര്‍ക്ക് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. 'കേരളം ഇന്ന് ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കുന്നു' എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തന്‍ രാജ്ദീപ് സര്‍ദേശായിയി പറയുന്ന ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് മന്ത്രിയുടെ മറുപടി. 'സകലമാന മുള്ളുമുരുക്കുകളോടും പറയാനുള്ളത് ഇത്രമാത്രം' എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
ഇന്നുരാവിലെ നിയമസഭയിലാണ് കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. കേരളപ്പിറവി ദിനമായ ഇന്നുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് സഭാ സമ്മേളനം ചേര്‍ന്നതെന്നും ആരോപിച്ചായിരുന്നു ബഹിഷ്‌കരണം.
കേരളത്തിന്റെ 70ാം പിറന്നാളിലാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. കേരളം പുതുയുഗപ്പിറവിയിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം പദ്ധതിയെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് അതിദാരിദ്രമുക്ത സംസ്ഥാനമെന്നത്. നേരത്തെ തന്നെ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷം പദ്ധതിയെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. പദ്ധതിയെ തട്ടിപ്പ് എന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത് സ്വന്തം ശീലംവെച്ചാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് മിഷന്‍ മുഖേനേ വീട് നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. സ്വന്തം ശീലം കൊണ്ടാണ് പ്രതിപക്ഷം പദ്ധതിയെ തട്ടിപ്പെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനം അല്ലെന്നും ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണെന്നും വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയതാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞിരുന്നു. അത് വായിച്ചിരുന്നെങ്കില്‍ ആര്‍ക്കും സംശയങ്ങള്‍ ഉണ്ടാകില്ലായിരുന്നു. കൂടാതെ, ആരാണ് അതിദരിദ്രര്‍ എന്ന് നിര്‍ണയിച്ചത് എങ്ങനെ എന്ന് വിശദമാക്കിയതാണ്. ഇതുവരെ ഒരു സര്‍ക്കാര്‍ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ഉള്‍പ്പെട്ടത്. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നാണ് അവകാശവാദം. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നല്ല. സര്‍ക്കാര്‍ നിഗൂഢമായി ചെയ്ത പദ്ധതിയല്ല ഇത് എന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഈ നേട്ടത്തിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിക്ക് ശേഷവും മുന്‍പും കലാവിരുന്നും അരങ്ങേറും.




