തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയിലെ ഫീസ് വര്‍ധന കുറയ്ക്കും. യുജി കോഴ്‌സുകള്‍ക്ക് 50 ശതമാനവും പിജി കോഴ്‌സുകള്‍ക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് കൃഷിമന്ത്രി പി. പ്രസാദ് വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായത്. കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധനയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും പഠനം നിര്‍ത്തേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫീസ് വര്‍ധന സര്‍ക്കാരിന്റെ തീരുമാനമല്ലെന്നും സര്‍വകലാശാലയാണ് തീരുമാനിച്ചതെന്നും പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കാര്‍ഷിക സര്‍വകലാശാലാ ഫീസ് വര്‍ധനയ്‌ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നുവന്നത്. എസ്എഫ്ഐ, കെഎസ്യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വര്‍ധനയെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.