പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. കവര്‍ന്ന സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനായി നാളെ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അപേക്ഷ നല്‍കും. കട്ടിള കടത്തി സ്വര്‍ണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

ശബരിമല ദ്വാരപാലകശില്പങ്ങളുടെ പാളി കടത്തിയ കേസില്‍ മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള കല്‍പേഷ്, വാസുദേവന്‍, ഗോവര്‍ദ്ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.