അബുദാബി: കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ ആരംഭിച്ച വോട്ടര്‍ പട്ടികയുടെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) പ്രവാസികള്‍ക്കുള്ള ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അത് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒറ്റക്കെട്ടായുള്ള ആവശ്യം തിരസ്‌കരിച്ചാണ് തിരഞ്ഞെടുപ്പ് കമീഷന്‍ എസ്‌ഐആര്‍ നടത്തുന്നത്. 2023ലെ കണക്കനുസരിച്ച് 22.5 ലക്ഷത്തിലധികം കേരളീയരായ പ്രവാസികളുണ്ട്. എന്നാല്‍, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കുകള്‍ പ്രകാരം ഇതില്‍ 90,051 പേര്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചത്. ശേഷിക്കുന്ന 21 ലക്ഷത്തിലധികം പേര്‍ ഇപ്പോഴും പട്ടികക്ക് പുറത്താണ്.

നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടര്‍ പട്ടികയില്‍ മുന്‍പ് ഇടം നേടിയവര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും, ബൂത്ത് ലെവല്‍ ഓഫീസര്‍ അവരുടെ വീട്ടില്‍ നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പാക്കാനാകൂ. മറ്റു പ്രവാസികള്‍ക്ക്, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് തുടങ്ങിയ അംഗീകൃത രേഖകള്‍ ഹാജരാക്കി പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് എസ് ഐ ആര്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ നിശ്ചയിച്ച മൂന്ന് മാസത്തെ സമയപരിധിക്കുള്ളില്‍ രേഖകള്‍ നല്‍കി വോട്ടവകാശം ഉറപ്പാക്കാന്‍ ഭൂരിഭാഗം പ്രവാസികള്‍ക്കും സാധ്യമാകില്ല. എസ് ഐ ആര്‍ പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന പ്രക്രിയയാകരുത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ സമയപരിധി ദീര്‍ഘിപ്പിക്കണമെന്നും, ബൂത്ത് ലെവല്‍ ഓഫീസര്‍ പരിശോധനയ്ക്ക് പകരമായി മറ്റ് അംഗീകൃത സര്‍ക്കാര്‍ രേഖകളോ ഡിജിറ്റല്‍ സംവിധാനങ്ങളോ വഴി പ്രവാസികള്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്നും ഐസിഎഫ് തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.