തൃശ്ശൂര്‍: വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത വാഹനം നിയന്ത്രണംവിട്ട് പുഴയിലേക്ക് വീണു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വാഹനം പുഴയിലേക്ക് വീണത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരവിന്ദാക്ഷനും ഷോപ്പ് വാഹനം ഡ്രൈവര്‍ ബിന്ദുവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രനാണ് വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് വാഹനം മുന്നോട്ട് എടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് നേരെ പുഴയിലേക്ക് പതിക്കുകയായിരുന്നു. വാഹനം എടുത്തപ്പോള്‍ മുന്‍ഭാഗത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. ഉടന്‍ തന്നെ കരയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ വെള്ളത്തില്‍ ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. വാഹനം പിന്നീട് പുറത്തെത്തിച്ചു.