- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഷ് കട്ട് ഉടമകളും സമരസമിതിയും ഒരുമിച്ച് ചര്‍ച്ച വേണമെന്ന് എല്‍ഡിഎഫ്; മാലിന്യ പ്രശ്‌നം പരിഹരിക്കാതെ ഫാക്ടറി തുറക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ്; കളക്ടര്‍ വിളിച്ച യോഗം പരാജയം; പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചു
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് എതിരെ സമരം പുനരാരംഭിച്ചു. താമരശ്ശേരി അമ്പലമുക്കില്‍ പന്തല് കെട്ടിയാണ് സമരം. ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം തുറക്കുന്നതില്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായില്ല. പിന്നാലെയാണ് സമരം പുനരാരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ സമരത്തില്‍ പങ്കാളികളായി. എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുത്തു. ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. അതേ സമയം തുടര്‍ ചര്‍ച്ച നടത്താനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.
ഫാക്ടറി തുറക്കാന്‍ ഉടമകളേയും സമരസമിതിയേയും ഒരുമിച്ചിരുത്തി ചര്‍ച്ച വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്നും എല്‍ഡിഎഫ് പ്രതിനിധികള്‍ വ്യക്തമാക്കി. മാലിന്യ പ്രശ്‌നം പരിഹരിക്കാതെ ഫാക്ടറി തുറക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് കക്ഷികള്‍ വ്യക്തമാക്കി. ഫാക്ടറി ഉടമകളുമായി ചേര്‍ന്ന് ചര്‍ച്ച നടത്താനാവില്ലെന്നും അവര്‍ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിപ്പട്ടിക പൊലീസ് പുറത്ത് വിടണമെന്നും അനാവശ്യമായി എല്ലാ വീടുകളും കയറുന്നത് അവസാനിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഫാക്ടറി തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടും ഇതുവരേയും തുറന്നിട്ടില്ല.
പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഫ്രഷ് കട്ട് തുറക്കരുതെന്ന് എം.കെ മുനീര്‍ ആവശ്യപ്പെട്ടു. തുറക്കുകയാണെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്ന് കലക്ടറെ അറിയിച്ചിരുന്നു. സമരസമിതി പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും യോഗം രണ്ടു ദിവസത്തിനകം ചേരും. ഫ്രഷ് കട്ട് തുറക്കുന്ന കാര്യത്തില്‍ യു.ഡി എഫ് വിയോജന കുറിപ്പ് രേഖപ്പെടുത്തി. കമ്പനി അധികൃതരെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നും എം കെ മുനീര്‍ വ്യക്തമാക്കി. ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം നടത്തിയത്.
ഫാക്ടറി തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം താല്‍കാലികമായി സമരസമിതി മാറ്റിവെച്ചിരുന്നു. സംസ്‌കരണ പ്ലാന്റ് തുറക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ഉടമകള്‍ അറിയിച്ചു. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം തുടങ്ങൂ എന്ന് ഉടമകള്‍ അറിയിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.




