തൊടുപുഴ: മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരില്‍നിന്നു വിനോദസഞ്ചാരിക്കു ദുരനുഭവമുണ്ടായ സംഭവത്തില്‍ കുറ്റക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. 6 കുറ്റക്കാര്‍ ഉണ്ടെന്നും അവരെ പിടികൂടിക്കഴിഞ്ഞാല്‍ ഉടന്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അറസ്റ്റിലായ 3 ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍ടിഒയ്ക്കു കത്തുനല്‍കി. ഇവരുടെ വാഹന പെര്‍മിറ്റ് റദ്ദു ചെയ്യുന്നതിനുള്ള കത്ത് ഇന്നു നല്‍കുമെന്നും ഡിവൈഎസ്പി എസ്.ചന്ദ്രകുമാര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സി ഒരിടത്തും നിര്‍ത്തലാക്കിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. അതു മൂന്നാറിലും ഓടും. തടയാന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ നടക്കുന്നതു തനി ഗുണ്ടായിസമാണ്. ഡബിള്‍ ഡെക്കര്‍ ബസ് വന്നപ്പോഴും ടാക്‌സി ഡ്രൈവര്‍മാര്‍ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവര്‍ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും. പിഴ അടയ്ക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യമാകരുതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസുകാരില്‍ നിന്നും നേരിട്ട ദുരനുഭവം മുംബൈ സ്വദേശിയായ അസിസ്റ്റന്റ് പ്രഫസര്‍ ജാന്‍വി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് നടപടികള്‍ തുടങ്ങിയത്.