- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീക്കുട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; ആരോഗ്യ നില കൂടുതല്‍ വഷളാകാത്തതിനാല്‍ പ്രതീക്ഷയോടെ ഡോക്ടര്‍മാര്‍; അബോധാവസ്ഥയില്‍ ആണെങ്കിലും കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്
ശ്രീക്കുട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ശ്രീക്കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷയിലാണ്. രണ്ടു ദിവസം ഈ സ്ഥിതി തുടര്‍ന്നാല്‍ പതിയെ മെച്ചപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യുവില്‍ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി ഉള്ളത്.
അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കിരണിന്റെ നേതൃത്വത്തില്‍ സര്‍ജറി, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, ഇ.എന്‍.ടി,ഓര്‍ത്തോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണല്‍ ഇന്‍ജുറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതിനാല്‍, സാധാരണ നിലയിലാകാന്‍ സമയം വേണ്ടിവരും.
കേസില്‍ പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ റിമാന്‍ഡിലാണ്. രണ്ട് ദിവസത്തിനകം പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. പെണ്‍കുട്ടിയെ തള്ളിയിട്ടത് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതിനെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പുക വലിച്ചുകൊണ്ട് അടുത്തെത്തിയ സുരേഷിനോട് കുട്ടി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത് പ്രകോപന കാരണം. ശ്രീക്കുട്ടിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേയ്ക്ക് ലഭിച്ചു.
ഞായറാഴ്ച രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ചുകൊണ്ടാണ് പ്രതി ട്രെയിനില്‍ കയറിയത്. വാഷ്‌റൂമില്‍ പോയി മടങ്ങിയെത്തുന്ന പെണ്‍കുട്ടികളുടെ അടുത്തേക്ക് പുക വലിച്ചുകൊണ്ട് ഇയാള്‍ വരികയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പരാതി നല്‍കുമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികളെ ട്രെയിനില്‍ നിന്ന് ചവിട്ടി ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.
രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ ആക്രമിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചവിട്ടേറ്റ് ശ്രീക്കുട്ടി ട്രാക്കിലേക്ക് തെറിച്ചുവീഴുകയും അര്‍ച്ചന ഡോറില്‍ പിടിച്ചുതൂങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ ശബ്ദം കേട്ട് മറ്റ് യാത്രക്കാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടാനായത്.




