ആലുവ: ട്രെയിനില്‍ മറന്നുവച്ച സ്വര്‍ണവും വജ്രവും പണവും വാച്ചുകളും ഉള്‍പ്പെടുന്ന ബാഗ് ആര്‍.പി.എഫ് കണ്ടെത്തി ഉടമയെ തിരിച്ചേല്‍പ്പിച്ചു. ആലുവയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഫൈസലിന്റെ ഭാര്യ മുനീസയാണ് ചെന്നൈ - ആലപ്പുഴ ട്രെയിനില്‍ ബാഗ് മറന്നുവച്ചത്. എട്ട് ലക്ഷത്തിലധികം രൂപയുടെ മൂല്യമുള്ള സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്.

ബുധനാഴ്ച്ച രാവിലെയാണ് ബാഗ് നഷ്ടമായത്. ട്രെയിന്‍ ആലുവ വിട്ട ശേഷമാണ് ബാഗ് എടുക്കാന്‍ മറന്നുവെന്ന വിവരം മുനീസ ഓര്‍ത്തത്. ഉടന്‍ ആലുവ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ (ആര്‍.പി.എഫ്) വിവരമറിയിച്ചു. എ.എസ്.ഐ കെ.കെ. സുരേഷ് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ സി.പി. ജോസഫിന് വിവരം കൈമാറി.

ജോസഫ് യുവതി സഞ്ചരിച്ചിരുന്ന കംപ്പാര്‍ട്ടുമെന്റിലെത്തിയപ്പോള്‍ ബാഗ് അവിടെ സുരക്ഷിതമായി ഇരിപ്പുണ്ടായിരുന്നു. മുനീസയും മകന്‍ ഫഹീസും ആര്‍.പി.എഫ് ആലുവ ഓഫീസിലെത്തി ബാഗ് കൈപ്പറ്റുകയായിരുന്നു. വജ്രം, സ്വര്‍ണ്ണാഭരണങ്ങള്‍, രണ്ട് റിസ്റ്റ് വാച്ചുകള്‍, ഒരു ഇയര്‍ പോഡ്, 5,500 രൂപ എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നത്.