- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും പഠിക്കണമെന്നും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി; 14കാരിയുടെ വിവാഹം തടസ്സപ്പെടുത്തി പൊലീസ്; കാടാമ്പുഴയിലെ ബാലവിവാഹം കേരളത്തിന് അപമാനമെന്ന് കോടതി
മഞ്ചേരി: കാടാമ്പുഴയില്‍ 14കാരിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച ബന്ധുക്കളുടെ നീക്കം നൂറ് ശതമാനം സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമാണെന്ന് മഞ്ചേരി ജില്ല സെഷന്‍സ് കോടതി. സംഭവത്തില്‍ 2026 ജനുവരി 30നകം വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കുറ്റിപ്പുറം ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫിസറോട് ജില്ല പ്രിന്‍സിപ്പല്‍ ജഡ്ജി കെ. സനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകുംവരെ ആറു മാസത്തിലൊരിക്കല്‍ ബാലികയെ വീട്ടില്‍ സന്ദര്‍ശിക്കണമെന്നും വിദ്യാഭ്യാസം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ശൈശവ വിവാഹത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുകയെന്നതല്ല, മറിച്ച് ശൈശവ വിവാഹം തടയുക എന്നതാണ് നിയമനിര്‍മാണത്തിന്റെ ഉദ്ദേശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ ശ്രമിച്ചത്. കാടാമ്പുഴ പൊലീസ് ഇടപെട്ടാണ് തടഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ബാലിക തനിക്ക് വിവാഹത്തിന് ഇഷ്ടമില്ലെന്നും പഠനം തുടരാനാണ് താല്‍പര്യമെന്നും മൊഴി നല്‍കിയിരുന്നു. മാതാപിതാക്കളടക്കം ബന്ധുക്കളായ പത്തു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടാള്‍ ജാമ്യമടക്കമുള്ള കടുത്ത നിബന്ധനകളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കുട്ടിയുടെ വിദ്യാഭ്യാസ മോഹത്തിന് ഒരു തരത്തിലും തടസ്സം നില്‍ക്കില്ലെന്ന് ബന്ധുക്കള്‍ കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.




