മലപ്പുറം: പ്രവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വാഹനം കയറ്റി കൊല്ലാന്‍ ശ്രമമെന്ന് പരാതി. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി മുനീറിന്റെ മകന്‍ ഹാനിഷി(24)നാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒതുക്കുങ്ങലില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ടതിനായിരുന്നു മര്‍ദനം. പത്തിലധികം ആളുകള്‍ ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. ശേഷം അവരോടിച്ചിരുന്ന വാഹനം ശരീരത്തിലുടെ കയറ്റിയെന്നാണ് കൂടെയുള്ള ദൃക്സാക്ഷികള്‍ പറയുന്നത്.

ഹാനിഷിന്റെ വാരിയെല്ലിനും കഴുത്തിനും പൊട്ടലേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഹാനിഷ് കോട്ടയ്ക്കലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.