വിതുര: മകന്റെ ചോറൂണുദിവസം പിതാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തോട്ടുമുക്ക് പേരയത്തുപാറ മണലയം പുഷ്പവിലാസത്തില്‍ അമല്‍കൃഷ്ണ(35)നാണ് മരിച്ചത്. വെള്ളിയാഴ്ച ഇളയ മകന്‍ നിദാന്‍കൃഷ്ണയുടെ ചോറൂണ് നടക്കാനിരിക്കെ രാവിലെ ഒന്‍പതുമണിയോടെയാണ് അമല്‍ ആത്മഹത്യ ചെയ്തത്.

പേരയത്തുപാറയില്‍ അമലും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ടര്‍ഫിനുസമീപത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ജീവിതം അവസാനിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വാട്‌സാപ്പ് സ്റ്റാറ്റസും മരണത്തിനുമുന്‍പ് അമല്‍ ഇട്ടിരുന്നു. അമല്‍കൃഷ്ണനും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ ടര്‍ഫ് നടത്തുന്നത്. കേരള ബാങ്കിന്റെ വിതുര ശാഖയില്‍നിന്ന് എട്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഒന്നരയാഴ്ച മുന്‍പ് ബാങ്ക് അധികൃതര്‍ ഇയാളുടെ വീട്ടിലെത്തിയിരുന്നു. തിരിച്ചടവിനു തീയതി പറഞ്ഞതോടെ അവര്‍ തിരിച്ചുപോയെന്ന് വീട്ടുകാര്‍ പറഞ്ഞു.എന്നാല്‍, ആത്മഹത്യാക്കുറിപ്പില്‍ ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

അമലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ടൈല്‍സ് പണിക്കാരനായിരുന്നു മരിച്ച അമല്‍. ഭാര്യ: വിനീത. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നിരഞ്ജന്‍ കൃഷ്ണയാണ് മൂത്ത മകന്‍.