- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെ; തനിക്ക് ഗണഗീതം പാടാന്‍ അറിയില്ലെന്നും ശാഖയില്‍ പോയിട്ടില്ലെന്നും കേന്ദ്രമന്ത്രി; കുട്ടികള്‍ ഗണഗീതം പാടിയതില്‍ തെറ്റില്ല; ഇത് വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമം; പ്രതികരിച്ച് മന്ത്രി ജോര്‍ജ് കുര്യന്‍
തൃശൂര്‍: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കുട്ടികള്‍ ഗണഗീതം പാടിയതില്‍ തെറ്റില്ലെന്നും ഇത് വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഎം ശ്രമമാണ് ഗണഗീത വിവാദം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ കുട്ടികള്‍ അത് പാടിയതില്‍ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നു പറഞ്ഞ ജോര്‍ജ് കുര്യന്‍ തനിക്ക് ഗണഗീതം പാടാന്‍ അറിയില്ലെന്നും ശാഖയില്‍ പോയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാര്‍ഥികള്‍ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ എംപി റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.




