ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് സിപിഎം പി ബി പ്രസ്താവനയില്‍ അറിയിച്ചു.

ഡല്‍ഹിയുടൈ സമീപ പ്രദേശങ്ങളില്‍ നിന്ന് വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കളും തോക്കുകളും കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അവ ഡല്‍ഹിയിലെ ആക്രമണവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം. ഇത് ഒരു സംഘടിത ശൃംഖലയുടെ പങ്കാളിത്തത്തെയാണ് സൂചിപ്പിക്കുന്നത്. സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങള്‍ പ്രകോപനങ്ങളില്‍ വീഴാതെ ജാഗ്രത പാലിക്കണമെന്നും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും പോളിറ്റ് ബ്യൂറോ അഭ്യര്‍ഥിച്ചു.