എടപ്പാള്‍: എടപ്പാളില്‍ സെറിബ്രല്‍ പാള്‍സി ബാധിതയായ മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങിമരിച്ചു. തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയോരത്ത് വട്ടംകുളം പഞ്ചായത്തിലെ മാണൂര്‍ പറക്കുന്നത്ത് പുതുക്കുടിയില്‍ അനിതാകുമാരി (57), മകള്‍ അഞ്ജന (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ദുരന്തം പുറത്തറിയുന്നത്.

അനിതാകുമാരിയും മകന്‍ അജിത്തും സെറിബ്രല്‍ പാള്‍സി ബാധിച്ച മകള്‍ അഞ്ജനയും ഒരുമിച്ചായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അഞ്ജനയ്ക്ക് ചക്രക്കസേരയിലിരുന്നു മാത്രമേ സഞ്ചരിക്കാനാവുമായിരുന്നുള്ളൂ. പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ അടുത്തിടെ മരിച്ചു. ഇതും മകളുടെ അവസ്ഥയും അനിതാകുമാരിയെ വലിയ മാനസിക സമ്മര്‍ദത്തിലാഴ്ത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

മകന്‍ അജിത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. അദ്ദേഹം സ്ഥലത്തില്ലാത്ത സമയത്താണ് സംഭവം. അഞ്ജനയെ വീടിനുമുന്‍പിലുണ്ടായിരുന്ന വെള്ളംനിറച്ച ഡ്രമ്മില്‍ മുക്കിക്കൊലപ്പെടുത്തിയശേഷം അനിത സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ െൈകഞരമ്പുകള്‍ മുറിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെ തൊട്ടടുത്ത വീട്ടില്‍ ജോലിക്കു വന്നവരാണ് അനിതാകുമാരി മരത്തില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡ്രമ്മില്‍ അഞ്ജനയുടെ മൃതദേഹവും കണ്ടെത്തി. കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ കെ. നൗഫല്‍ സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. മലപ്പുറത്തുനിന്ന് ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.