തൃപ്രയാര്‍: ചേറ്റുവ ഹാര്‍ബറില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കേര മത്സ്യത്തിന്റെ വില്‍പ്പന. ഒരു ദിവസം 25 ലക്ഷം രൂപ വിലവരുന്ന 12 ടണ്‍ കേര മത്സ്യത്തിന്റെ (ടൂണ) വില്‍പനയാണ് നടന്നത്. ഓരോ മത്സ്യവും 40 മുതല്‍ 75 കിലോ വരെ തൂക്കമുണ്ട്. ആഴക്കടലില്‍ മീന്‍പിടിത്തം നടത്തി തിരിച്ചെത്തിയ ചേറ്റുവ മുളയ്ക്കല്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള ഗാലക്‌സി ബോട്ടിലെ കേര മത്സ്യങ്ങളാണ് മിന്നല്‍വേഗത്തില്‍ ഇത്രയും തുകയ്ക്ക് വിറ്റത്.

ഒക്ടോബര്‍ 6ന് മീന്‍പിടിത്തത്തിന് പോയ ബോട്ട് 11ന് വൈകിട്ടാണ് ഹാര്‍ബറില്‍ തിരിച്ചെത്തിയത്. ഒരു ബോട്ടില്‍ ഒരേതരം മത്സ്യങ്ങള്‍ ലഭിച്ചതും വന്‍തുകയ്ക്ക് വില്‍പന നടത്തുന്നതും ഹാര്‍ബറില്‍ ഇതാദ്യമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

കടലില്‍ പോയ 8 പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘത്തില്‍ 5 പേര്‍ ലക്ഷദ്വീപുകാരും 3 പേര്‍ കൊല്ലം സ്വദേശികളുമാണ്. മൂന്ന് പ്രാദേശിക മത്സ്യവിപണന കമ്പനിക്കാരാണ് കയറ്റുമതി ലക്ഷ്യമാക്കി കേര വാങ്ങിയത്.