തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. തൈക്കാട് വാര്‍ഡില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എ. കസ്തൂരി മത്സരിക്കും. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും മുന്‍ എംപി എ. സമ്പത്തിന്റെ സഹോദരനുമാണ് കസ്തൂരി. 31 പേരുടെ പട്ടികയാണ് ബിജെപി വ്യാഴാഴ്ച പുറത്തിറക്കിയത്. മുന്നണി ധാരണ പ്രകാരം മൂന്നു സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും

സിപിഎം നേതാവ് കെ. അനിരുദ്ധന്റെ മകനും എ. സമ്പത്തിന്റെ സഹോദരനും എന്ന വിശേഷണത്തോടെയാണ് കസ്തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ സ്വാഗതംചെയ്തത്. കുമ്മനം രാജശേഖരന്‍ കസ്തൂരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കുമ്മനത്തെ കാല്‍ തൊട്ടുവണങ്ങിയതിനുശേഷണാണ് കസ്തൂരി സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.

നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡാണ് തൈക്കാട്. ജി. വേണുഗോപാല്‍ ആണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫില്‍ സിഎംപി മത്സരിക്കുന്ന വാര്‍ഡ് ആണിത്. എം.ആര്‍. മനോജ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.