കട്ടപ്പന: ഓണ്‍ലൈന്‍ ടാസ്‌കിന്റെ പേരില്‍ 6.5 ലക്ഷം തട്ടിയെടുത്ത പ്രതിയെ ഒരുവര്‍ഷത്തിനുശേഷം പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം കീഴാറ്റൂര്‍ കോലോത്തോടി പ്രണവ് ശങ്കര്‍ (22) ആണ് അറസ്റ്റിലായത്. കാഞ്ചിയാര്‍ സ്വദേശി റിനോയ് സെബാസ്റ്റ്യനാണ് തട്ടിപ്പിന് ഇരയായത്.

ഓണ്‍ലൈന്‍ ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിന് കമ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞ്, പലതവണകളിലായാണ് കാഞ്ചിയാര്‍ സ്വദേശി റിനോയ് സെബാസ്റ്റ്യന്റെ അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തത്. ആദ്യഘട്ടത്തില്‍ പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്തശേഷം പിന്നീട് വാഗ്ദാനംചെയ്ത കമ്മിഷനോ മുടക്കിയ പണമോ തിരികെ നല്‍കിയില്ല. റിനോയിയുടെ അക്കൗണ്ടില്‍നിന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ഏഴ് അക്കൗണ്ടുകളിലേക്കാണ് പണം പോയത്.

കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന് റിനോയി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് സംഘം രാജസ്ഥാന്‍, അസം, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ അന്വേഷിച്ചെങ്കിലും വ്യാജ വിലാസത്തിലുള്ള അക്കൗണ്ട് ഉടമകളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പണം കൈപ്പറ്റിയ പ്രണവ് ശങ്കറിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറം പാണ്ടിക്കാടുനിന്നാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കട്ടപ്പന സിഐ. ടി.സി. മുരുകന്റെ നേതൃത്വത്തില്‍ എഎസ്ഐ. സതീഷ് കുമാര്‍, സിപിഒ ആര്‍. ഗണേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.