ഗുരുവായൂര്‍: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞ് വീണു മരിച്ചു. കുട്ടികളെയുംകൊണ്ട് സ്‌കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. പാലുവായ് സെയ്ന്റ് ആന്റണീസ് യുപി സ്‌കൂളിലെ ബസ് ഡ്രൈവര്‍ ചക്കംകണ്ടം മാടാനി വീട്ടില്‍ രാജന്‍ (55) ആണ് മരിച്ചത്. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ അവശത തോന്നിയപ്പോഴേക്കും ഡ്രൈവര്‍ വാഹനം അരികിലേക്കൊതുക്കിനിര്‍ത്തി കുട്ടികളെ സുരക്ഷിതരാക്കി.

നെഞ്ചില്‍ ഉഴിഞ്ഞ് ഡ്രൈവര്‍ അസ്വസ്ഥനാകുന്നത് കണ്ട കുട്ടികള്‍ അമ്പരപ്പിലായി. അപ്പോഴേക്കും ബസ് അരികില്‍ ഒതുക്കിനിര്‍ത്തിയ രാജന്‍ കുഴഞ്ഞുവീണു. ഇതോടെ കുട്ടികള്‍ കൂട്ടക്കരച്ചിലായി. നാട്ടുകാര്‍ ഓടിവന്ന് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ കാര്‍ഗില്‍ നഗറിലാണ് സംഭവം.

കുട്ടികളെ പിന്നീട് നാട്ടുകാര്‍ സ്‌കൂളിലെത്തിച്ചു. പിന്നീട് രാജന്റെ മരണവിവരമറിഞ്ഞപ്പോള്‍ കുട്ടികള്‍ ഒന്നടങ്കം കരച്ചിലായി. അവരുടെ പ്രിയപ്പെട്ട അങ്കിളായിരുന്നു ഡ്രൈവര്‍ രാജന്‍. മൃതദേഹം കാണിക്കാനായി സ്‌കൂളില്‍നിന്ന് കൊണ്ടുപോയ കുട്ടികളില്‍ ചിലര്‍ അന്ത്യചുംബനം നല്‍കുന്ന കാഴ്ച കണ്ടുനിന്നവരെയും കരയിച്ചു. പാലുവായ് മാടാനി വീട്ടില്‍ പരേതനായ കുഞ്ഞിമോന്റെയും തങ്കയുടെയും മകനാണ് രാജന്‍. ഭാര്യ: രമണി.