കാസര്‍കോട്: കാസര്‍കോട് ബളാല്‍ പഞ്ചായത്തില്‍ മാലോം എടക്കാനത്ത് വന്‍ വാറ്റുകേന്ദ്രം എക്‌സൈസ് സംഘം പിടികൂടി തകര്‍ത്തു. തെരഞ്ഞെടുപ്പ് കാലം ചാരായത്തില്‍ മുക്കാനുള്ള വ്യാജമദ്യ ലോബിയുടെ ശ്രമമാണ് എക്‌സൈസ് സംഘം തകര്‍ത്തത്. മാലോം എടക്കാനം മലയില്‍ വനാതിര്‍ത്തിയിലെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഷെഡ്ഡിലാണ് നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചത്. ഇവിടെനിന്ന് വാറ്റാന്‍ തയ്യാറാക്കിയ 260 ലിറ്റര്‍ വാഷും10 ലിറ്റര്‍ ചാരായവും പിടികൂടി.

കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് ചാരായ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. പിടികൂടിയ വാഷും ചാരായവും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഉപകരണങ്ങളും ചാരായ സാമ്പിളുകളും തൊണ്ടിയായി കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ക്കായി നീലേശ്വരം എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.

എടക്കാനം സ്വദേശി എം ടി സിനോജിനെതിരെ കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ സി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, വി വി ഷിജിത്ത്, ടി വി അതുല്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി വി ധന്യ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മുമ്പും ഈ പ്രദേശങ്ങളില്‍ വനത്തിലും, വനാതിര്‍ത്തികളിലും ചില ഉന്നതരുടെ സഹായത്തോടെ വ്യാജവാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു.

മുന്‍കാലങ്ങളില്‍ വ്യാപകമായി വാറ്റ് ചാരായം പല സ്ഥലങ്ങളിലേക്കും ഇവിടെനിന്ന് എത്തിക്കാറുണ്ട്. നിരവധി തവണ എക്‌സൈസ് സംഘം ഇവ പിടികൂടി തകര്‍ത്തിരുന്നു.