കോഴിക്കോട്: കോണ്‍ഗ്രസില്‍ വീണ്ടും രാജി. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.വി. ബാബുരാജ് രാജിവച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ബാബുരാജ് വ്യക്തമാക്കി. നേരത്തെ നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സ രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും ദീപാ ദാസ് മുന്‍ഷിക്കും ബാബുരാജ് പരാതി നല്‍കിയിട്ടുണ്ട്.

നാലര വര്‍ഷമായി പാര്‍ട്ടിയില്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്ത ഒരു മുന്‍ ബ്ലോക്ക് പ്രസിഡന്റിന്റെ വാര്‍ഡ് 65ല്‍ നൂലില്‍ കെട്ടി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കല്ല, സിസ്റ്റത്തിനാണ് തകരാര്‍. കോഴിക്കോട് സിപിഐഎം- കോണ്‍ഗ്രസ് നെക്സസാണ്. അഴിമതിയുടെ കൂടാരത്തിലെ പങ്ക് കച്ചവടക്കാരാണ്. കോണ്‍ഗ്രസില്‍ പ്രതികരിക്കാന്‍ ആളില്ലാതായി', ബാബുരാജ് പറഞ്ഞു. ബാബുരാജ് ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ബാബുരാജ് ഇത് സ്ഥിരീകരിക്കുന്നില്ല.

എരഞ്ഞിപ്പാലം വാര്‍ഡില്‍ കെപിസിസി മാര്‍ഗരേഖ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് കമ്മറ്റി ആറ് പേരുകള്‍ നല്‍കി. എന്നാല്‍ പരാജയം ഭയപ്പെട്ട് ലിസ്റ്റിലുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മറ്റൊരു വാര്‍ഡിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.