കൊച്ചി: വില്‍പന നടത്തിയ ട്രെഡ്മില്ലിന്റെ തകരാറുകള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും സേവനത്തില്‍ അപാകതക്കും നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. പനങ്ങാട് സ്വദേശി ലക്ഷ്മി.എസ്.രാജ്, എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന G. A Sports എന്ന സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ആവശ്യമായിരുന്ന പരാതിക്കാരിയുടെ പിതാവിന് വേണ്ടി 2022 ജനുവരി മാസം 31,500/ രൂപ നല്‍കി വാങ്ങിയ 'സ്‌പോര്‍ട്‌സ് ട്രെഡ്മില്‍ TR150' ഉപകരണത്തിന് ഒരാഴ്ചക്കുള്ളില്‍ തന്നെ തകരാറുകള്‍ കണ്ടുതുടങ്ങുകയും രണ്ടാമത്തെ ആഴ്ച മുതല്‍ പ്രവര്‍ത്തിക്കാതാവുകയും ചെയ്തു.

പരാതിപ്പെട്ടതിനെ തുടര്‍ന്ന് എതിര്‍കക്ഷി പലതവണ ബെല്‍റ്റ്, മോട്ടോര്‍, ഡിസ്പ്ലേ ബോര്‍ഡ് എന്നിവ മാറ്റി സ്ഥാപിച്ചെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. 2023 ഫെബ്രുവരിയില്‍ എതിര്‍കക്ഷിയുടെ മെക്കാനിക്ക് മോട്ടോര്‍ എടുത്തുകൊണ്ടുപോയെങ്കിലും തിരികെ നല്‍കിയില്ല.

എതിര്‍കക്ഷിയെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 2023 മാര്‍ച്ച് മാസം സ്പീഡ് പോസ്റ്റ് വഴി അറിയിപ്പ് നല്‍കി. എന്നാല്‍ എതിര്‍കക്ഷി മറുപടി നല്‍കുകയോ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല.

ഇതിലൂടെ ഒരു വര്‍ഷമായി വ്യായാമം ചെയ്യാന്‍ സാധിക്കാതെ വന്നതിനാല്‍ പരാതിക്കാരിയുടെ അച്ഛന്റെ ആരോഗ്യനില മോശമാവുകയും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

ഉപകരണം വാങ്ങിയ ഉടന്‍ തന്നെ തകരാറിലായി എന്ന് തെളിയിക്കുന്ന രേഖകളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ എതിര്‍കക്ഷിയുടെ ഭാഗത്തുനിന്ന് സേവനത്തില്‍ വീഴ്ച സംഭവിച്ചു എന്ന് കോടതി കണ്ടെത്തി.

ഉപകരണത്തിന്റെ തകരാര്‍ പരിഹരിക്കുന്നതില്‍ എതിര്‍കക്ഷി വിമുഖത കാണിച്ചത് സേവനത്തിലെ വീഴ്ചയ്ക്ക് തെളിവാണ്.

ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും മോശമായ പ്രതികരണവും സേവനവുമാണ് എതിര്‍കക്ഷി നല്‍കിയതെന്നും ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 10,000/ രൂപയും, കോടതിച്ചെലവായി 4,000/ രൂപയും 45 ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്ന് എതിര്‍ കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി.