കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ മത്സരിക്കും. 6 സീറ്റുകളില്‍ ഘടകകക്ഷികള്‍ മത്സരിക്കും. 13 സീറ്റുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍: ടി ജി വിജയന്‍ (ഡിവിഷന്‍ നമ്പര്‍ 1, ചെറായി), ഷൈജോ പറമ്പി (3, കറുകുറ്റി), ഡോ.ജിന്റോ ജോണ്‍ (4,തുറവൂര്‍), അഡ്വ.അല്‍ഫോണ്‍സ ഡേവിസ് (6,കോടനാട്), മുബാസ് ഓടക്കാലി (7,പുല്ലുവഴി), ഷെല്‍മി ജോണ്‍സ് (11, ആവോലി), സോന ജയരാജ് (15, ഉദയംപേരൂര്‍), ടി എസ് സുമയ്യ (19,വെങ്ങോല), ശ്രീദേവി മധു (22, അത്താണി), സിന്റ ജേക്കബ് (24, ആലങ്ങാട്), ബിന്ദു ജോര്‍ജ് (25, കോട്ടുവള്ളി), അഡ്വ.എല്‍സി ജോര്‍ജ് (26, കടമക്കുടി), അഡ്വ.വിവേക് ഹരിദാസ് (27, വൈപ്പിന്‍).

വെങ്ങോല ഡിവിഷനില്‍ മത്സരിക്കുന്ന ടി എസ് സുമയ്യയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. 24 കാരിയായ സുമയ്യ ഫോറന്‍സിക് സയന്‍സ് ബിരുദധാരിയാണ്. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് പുല്ലുവഴിയില്‍ മത്സരിക്കുന്നുണ്ട്.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എം പിമാരായ ഹൈബി ഈഡന്‍, ജെബി മേത്തര്‍, കെപിസിസി നേതാക്കളായ ബി എ അബ്ദുള്‍ മുത്തലിബ്, സക്കീര്‍ ഹുസൈന്‍, അജയ് തറയില്‍, എം ആര്‍ അഭിലാഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ ഏറ്റവും മികച്ച ഭരണമാണ് ജില്ലാ പഞ്ചായത്ത് കാഴ്ച വച്ചതെന്ന് ഷിയാസ് ചൂണ്ടിക്കാട്ടി. കെട്ടുറപ്പോടെ ഭരിക്കാന്‍ കഴിഞ്ഞുവെന്നും ഷിയാസ് പറഞ്ഞു.