കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 54കാരന്‍ അറസ്റ്റില്‍. തൊടിയൂര്‍ പുലിവഞ്ചി സ്വദേശി നാസറിനെ (54) ആണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിലാണ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. വിവരം അറിഞ്ഞതോടെ, കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു.

കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ നാസര്‍ തേവലക്കരയിലാണ് കഴിഞ്ഞത്. പൊലീസിന്റെ നീക്കം മനസിലാക്കി ഇയാള്‍ തിരുവനന്തപുരം ഭാഗത്തേക്ക് കടക്കുകയായിരുന്നു പേര് മാറ്റിയും ഫോണ്‍ ഉപയോഗിക്കാതെയുമാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് തിരുവനന്തപുരത്ത് വെച്ച് പിടികൂടുകയായിരുന്നു.