ശബരിമല: പമ്പ ഗണപതിക്ഷേത്രത്തിന് സമീപമുള്ള സ്‌പോട്ട് ബുക്കിങ് കൗണ്ടറില്‍ വന്‍ ഭക്തജനത്തിരക്ക്. ശനിയാഴ്ചമുതല്‍ത്തന്നെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് നൂറുകണക്കിന് ഭക്തര്‍ പമ്പയില്‍ എത്തിയിരുന്നു. ഇവര്‍ ബുക്കിങ്ങിനായി കൗണ്ടറിനുമുന്നില്‍ വരിനിന്നു. ബുക്കിങ് വൈകിയത് ബഹളത്തിനും ഇടയാക്കി.

ഞായറാഴ്ച രാവിലെ കൂടുതല്‍ ഭക്തര്‍ എത്തി. തിരക്ക് നിയന്ത്രണാതീതമായതോടെ ബഹളവും വാക്കേറ്റവുമായി. ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായതോടെയാണ് കൗണ്ടറിന്റെ ചില്ല് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് കൗണ്ടറിനുമുന്നില്‍ തിരക്കൊഴിഞ്ഞത്.