തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷാ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. അഞ്ചു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈംടേബിള്‍. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതും ഡിസംബര്‍ 9, 11 തീയതികളിലെ വോട്ടെടുപ്പ് 13 നുള്ള വോട്ടെണ്ണല്‍ എന്നിവയും കണക്കിലെടുത്താണ് പരീക്ഷാ തീയതി തീരുമാനിച്ചത്. ഡിസംബര്‍ 24 മുതല്‍ ക്രിസ്മസ് അവധിയാണ്.

ഈ അധ്യയന വര്‍ഷത്തെ അര്‍ധവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിളാണ് പ്രസിദ്ധീകരിച്ചത്. എല്‍പി വിഭാഗം ഒഴികെയുള്ള പരീക്ഷകള്‍ 15- ന് തുടങ്ങും. എല്‍പി പരീക്ഷകള്‍ 17- നാണ് ആരംഭിക്കുക. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ 23- ന് അവസാനിക്കും. തുടര്‍ന്ന് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും.

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക. ആദ്യഘട്ടം 15- നു തുടങ്ങി 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാകും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ്ടുവിനും ഒരു പരീക്ഷ വീതം നടക്കും.

ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി അഞ്ചിനാണ് സ്‌കൂളുകള്‍ തുറക്കുക. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

2025 - 2026 വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങള്‍ മാറുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍13 നാണ് വോട്ടെണ്ണല്‍.