കോട്ടയം: ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ നാലിന് നടക്കും. രാവിലെ ഒന്‍പതിന് വിളിച്ചുചൊല്ലി പ്രാര്‍ഥന. തുടര്‍ന്ന് ശ്രീകോവിലിലെ കെടാവിളക്കില്‍നിന്ന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും. നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്‌നി പകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

പൊങ്കാലയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്രം മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലും ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലും പൊങ്കാല സമര്‍പ്പണം നടത്തും.

11-ന് 500-ലധികം വേദപണ്ഡിതന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച്, ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. അഞ്ചിന് തോമസ് കെ. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി വിശിഷ്ടാതിഥിയാകും. എടത്വാ സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്രി എന്നിവര്‍ മുഖ്യസന്ദേശം നല്‍കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. മേല്‍ശാന്തി അശോകന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കും.