- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്'; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണ കൊള്ള അന്വേഷണത്തില്‍ പ്രതി ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കര്‍ശന നടപടി ഉറപ്പാണെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇനി പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെങ്കിലും കര്‍ശന നടപടി ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാന്‍ ആണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കര്‍ശന നടപടി ഉണ്ടാകുമെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി വിവരിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിലൂടെ ഭക്തരുടെ വിശ്വാസം സര്‍ക്കാര്‍ നേടിയെന്നും രാജു എബ്രഹാം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ നടക്കുന്ന വേളയിലായിരുന്നു രാജു എബ്രഹാം പ്രതികരിച്ചത്. എസ് ഐ ടി അന്വേഷണത്തില്‍ തെളിവുകളോടെ വന്നാല്‍ ആരായാലും ചോദ്യം ചെയ്യപ്പെടണം. ആരാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കട്ടെയെന്നും സി പി എം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
ചോദ്യം ചെയ്യലിനൊടുവില്‍ എ പത്മകുമാറിനെ എസ് ഐ ടി അറസ്റ്റ് ചെയ്തിരുന്നു. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ, തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും. കട്ടിള പാളി കേസില്‍ ബോര്‍ഡിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ് ഐ ടിയുടെ പ്രാഥമിക കണ്ടെത്തല്‍.
കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019 ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോര്‍ഡിന്റെ അറിവോടെയാണ് പാളികള്‍ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ് ഐ ടി തയ്യാറാക്കിയ എഫ് ഐ ആര്‍. അറസ്റ്റിലായ മുരാരി ബാബു ഉള്‍പ്പെടെ ഉദ്യോഗസ്ഥരും ബോര്‍ഡ് തീരുമാനം എന്നാണ് മൊഴി നല്‍കിയത്. 2019 ല്‍ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയില്‍ പത്മകുമാര്‍ സര്‍വ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലന്‍സും ബോര്‍ഡിന്റെ പങ്ക് കണ്ടെത്തിയിരുന്നു.




