കാസര്‍കോട്: കാറില്‍ നിരോധിത ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നതിനിടെ പിടിയിലായ പ്രതിയെ രണ്ടുവര്‍ഷവും മൂന്നുമാസവും കഠിനതടവിനും കാല്‍ലക്ഷം രൂപ പിഴയുമടക്കാന്‍ ശിക്ഷിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കുളം ബസാറിലെ സി.വി. റുഹൈബിനെയാണ് (35) കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവും അനുഭവിക്കണം.

18 ഗ്രാം എംഡിഎംഎ, 11 ഗ്രാം നിരോധിത ലഹരിഗുളിക (നിട്രോസെപാം ടാബ്ലറ്റ്) എന്നിവ വില്പനയ്ക്കായി കടത്തുകയായിരുന്ന സംഘത്തെ 2019 സെപ്റ്റംബര്‍ ആറിനാണ് എക്സൈസ് പിടിച്ചത്. മുള്ളേരിയ-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ കുണ്ടാര്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്‍വശത്ത് രാത്രി എട്ടരയോടെയാണ് ബദിയഡുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍മാരായ വിനോദ് ബി. നായര്‍, ഡി. ബാലചന്ദ്രന്‍ എന്നിവരാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാം പ്രതി ഖന്‍സുല്‍ ഹഖ് ഒളിവിലാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.