തലശേരി: പാലത്തായി പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജെപി നേതാവുമായ അധ്യാപകന്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ പത്മരാജനെ (49) സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരുന്നു.അപ്പീല്‍ നല്‍കുന്നതിന് മുമ്പ് തന്നെ നടപടി വരുന്നു. ഹൈക്കോടതി ശിക്ഷയ്ക്ക് സ്‌റ്റേ അനുവദിക്കുമോ എന്ന ആശങ്കയിലാണ് ഇത്.

അധ്യാപകന്‍ ശുചിമുറിയില്‍ കൊണ്ടുപോയി പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എ, ബി, 376 (2)(എഫ്), 354 ബി, പോക്സോ നിയമത്തിലെ 5 (എഫ്, എല്‍, എം) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് തെളിഞ്ഞത്. തലശേരി പോക്സോ പ്രത്യേക കോടതി ജഡ്ജി എം ടി ജലജറാണിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ പത്മരാജന്‍ കുറ്റക്കാരനാണൈന്ന് കോടതി കണ്ടെത്തിയിരുന്നു. ശിശുദിനത്തിലാണ് പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്തി പ്രതി കുറ്റക്കാരനെന്ന വിധിയെത്തിയത്. തൃപ്രങ്ങോട്ടൂരിലെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പത്മരാജന്‍.