കൂത്തുപറമ്പ്: പൊട്ടിവീണ കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് അറുപത്തഞ്ചുകാരി ദാരുണമായി മരിച്ചു. മൂന്നാംപീടിക പള്ളിക്കുന്നിന് സമീപത്തെ അത്യാര്‍ക്കോട് വീട്ടില്‍ ചെറുവളത്ത് സരോജിനിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30-ഓടെ കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡില്‍ മെരുവമ്പായി പെട്രോള്‍പമ്പിന് സമീപത്തായിരുന്നു സംഭവം. പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ സമീപത്തെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതക്കമ്പി പൊട്ടിവീണത് അറിയാതെ ദേഹത്ത് തട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൂത്തുപറമ്പ് അഗ്‌നിരക്ഷാസേന വൈദ്യുതിബന്ധം വിച്ഛേദിച്ച് സരോജിനിയെ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഭര്‍ത്താവ്: വിജയന്‍. മകന്‍: സി.വിജേഷ്. സഹോദരങ്ങള്‍: ശ്രീധരന്‍, യശോദ, പരേതനായ മുകുന്ദന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30-ന് കോയിലോട് വാതകശ്മശാനത്തില്‍.